തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രഫഷണലുകളെ ജര്‍മനിയിലെയും ജര്‍മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ പ്രഫഷണല്‍സും തമ്മിലാണ് ധാരണാപത്രം.
നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും ഡെഫയ്ക്കു വേണ്ടി ചീഫ് ലീഗല്‍ ഓഫീസര്‍ ആന്യ എലിസബത്ത് വീസനുമാണ് ധാരണാപത്രം കൈമാറിയത്.
ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്നും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ടെന്നും ചടങ്ങില്‍ ആന്യ എലിസബത്ത് വീസണ്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 250 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ജര്‍മന്‍ ഭാഷാ യോഗ്യതയായ ബിടു വരെയുളള പരിശീലനം സൗജന്യമായി ലഭ്യമാക്കും.
ഇതോടൊപ്പം നഴ്സിംഗ് സര്ട്ടിഫിക്കേഷന് പരിശീലനവും നല്‍കും. ഇത് ജര്‍മനിയിലെത്തിയ ശേഷമുള്ള തൊഴില്‍ സുരക്ഷിതത്വത്തിന് സഹായകരമാകും.